ത്രിമൂർത്തികൾ-കുമാരനാശാൻ
ചിന്താവിഷ്ടയായ സീത: ശ്രീരാമൻ നടത്തുന്ന അശ്വമേധയാഗത്തിൽ സംബന്ധിക്കുവാൻ കുശലവന്മാരോടുകൂടി വാല്മീകി അയോദ്ധ്യയിലേക്കു പുറപ്പെട്ട ഒരു ദിവസം, സന്ധ്യാസമയത്തു് ഏകാകിനിയായിത്തീർന്ന സീത, തൻ്റെ കഴിഞ്ഞ ജീവിതത്തിലേക്കു സസൂക്ഷ്മം ഒന്നു കണ്ണോടിക്കുകയാണു്, പ്രസ്തുത കൃതി യിൽ. ശോകാത്മകമായ ഭാവസ്ഫുരണത്തിനും തദ്വാരാ ജീവിതവിമശനത്തിനും തികച്ചും പറ്റിയ ഒരവസരം കണ്ടുപിടിച്ച കവിയുടെ ഔചിത്യബോധത്തെ എത്ര അഭിനന്ദിച്ചാലും മതിയാകുന്നതല്ല. ചിരകാലബന്ധം കൊണ്ടു് സീതയുടെ ജീവിതവും, ഹൃദയവും തന്നിൽത്തന്നെയമെർന്നിരിക്കെ ആ സാധ്വിയെ പിന്നെയും ശങ്കിച്ചുകൊണ്ടു – അല്ലെങ്കിൽ ജനാഭിപ്രായത്തെ മാത്രം ആദരിച്ചുകൊണ്ടു നിർദ്ദയം തള്ളിക്കളഞ്ഞതിൽ ആ നായികയിൽ ഉളവായ കോപവും താപവും മനഃശാസ്ത്രപരമായിത്തന്നെ കവി ഈ കാവ്യത്തിൽ പ്രകാശിപ്പിച്ചിരിക്കുന്നു. തൻ്റെ ഭർത്താവിൻ്റെ പ്രവൃത്തികളെ കർക്കശമായി വിമർശിച്ച അഭിമാനിനിയായ സീത പിന്നീടു മന്നവരുടെ അസ്വതന്ത്രനിലയെ സ്മരിച്ചു് അദ്ദേഹത്തെ സനുകമ്പം ശ്ലാഘിക്കാതെയുമിരിക്കുന്നില്ല. ഒടുവിൽ,
ക്ഷുഭിതേന്ദ്രിയ, ഞാൻ ഭവാനിലി-
ന്നുപദർശിച്ച കളങ്കരേഖകൾ
അഭിമാനിന’യാം സ്വകാന്തയിൽ
കൃപയാൽ ദേവ, ഭവാൻ ക്ഷമിക്കുക.
എന്നിങ്ങനെ ക്ഷമായാചനം ചെയ്യുമ്പോൾ ആ സ്വാധ്വിയെ അനുകമ്പാർദ്രബിന്ദുക്കൾകൊണ്ട് അഭിഷേകം ചെയ്യുവാനാണു് ഒരു സഹൃദയനു തോന്നുക. അനുഭൂതി പരങ്ങളും സഹൃദയഹൃദയങ്ങളിൽ ഏറെക്കാലമായി തങ്ങിനില്ക്കുന്നവയുമായ ഇതിലെ ചില പദ്യങ്ങൾകൂടി ഉദ്ധരിക്കാതെ ഈ ഭാഗം അവസാനിപ്പിക്കാൻ മനസ്സനു വദിക്കുന്നില്ല.
