ത്രിമൂർത്തികൾ-കുമാരനാശാൻ
ലീലയിലെ ആദർശത്തെപ്പറ്റി അഭിപ്രായഭേദങ്ങളുണ്ടായിരിക്കാം. എന്നാൽ ജീവിതത്തിൻ്റെ സൂക്ഷ്മരഹസ്യങ്ങൾ നളിനിയിലേക്കാൾ കൂടുതൽ വികിരണം ചെയ്യുന്നതു ലീലയിലാണെന്നു നിസ്സംശയം പറയാം. ”നളിനിയിലെ നായികാ നായകന്മാർ രാജസം മിക്കവാറും വിട്ട് സാത്വികാവസ്ഥയിൽ എത്തിനില്ക്കുന്ന പുണ്യാത്മാക്കളാണു്. അതിനുമുമ്പുള്ള അവസ്ഥകളിലാണല്ലൊ ജീവിതത്തിൻ്റെ കഷ്ടതകളും മാനസിക രഹസ്യങ്ങളും അധികം അടങ്ങിയിരിക്കുന്നതു്.” എന്നു കവിതന്നെ പറഞ്ഞിട്ടുള്ളതു നോക്കുക. ജീവിതത്തെപ്പറ്റി ഇതിൽ ചെയ്യുന്ന വിമർശം ഏറ്റവും ചിന്താസുകരമാണു്. ഹതാശയായ ലീല തോഴിയോടു പറയുന്ന ഒരു ഭാഗം നോക്കുക:
അറിയില്ലനുരാഗമേറെയാ-
ളറിവോർ തെറ്റിടുമൊക്കെയൊക്കുകിൽ
നിറവേറുകയില്ല കാമിതം
കുറയും ഹാ, സഖി, ഭാഗ്യശാലികൾ.
ഇതെത്രയോ പരമാർത്ഥം!
കരുതുവതിഹ ചെയ്യവയ്യ, ചെയ്യാൻ
വരുതി ലഭിച്ചതിൽ നിന്നിടാ വിചാരം,
പരമഹിതമറിഞ്ഞകൂട, യായു-
സ്ഥിരതയുമില്ലതിനിന്ദ്യമീ നരത്വം?
ലീലാചരിതത്തിൻ്റേയും മനുഷ്യജീവിതത്തിൻ്റേയും സാരസർവ്വസ്വം ഇതിൽ അടങ്ങിയിരിക്കുന്നു. ലീലയിലെ ഏറ്റവും സുപ്രധാനമായ പദ്യവും ഇതുതന്നെ. രേവയിൽ ചാടി മരിച്ച ലീലാമദനന്മാർ ദിവ്യരൂപം പൂണ്ടു തോഴിയായ മാധവിയെ ആശ്വസിപ്പിക്കുന്ന ഒരു പദ്യം കൂടി ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:
ആരും തോഴീ,യുലകിൽ മറയുന്നില്ല; മാംസം വെടിഞ്ഞാൽ-
ത്തീരുന്നില്ലീ പ്രണയജടിലം ദേഹിതൻ ദേഹബന്ധം;
പോരും ഖേദം; പ്രിയസഖി, ചിരം വാഴ്ക മാഴ്കാതെ, വീണ്ടും
ചേരും നാം കേൾ; വിരതഗതിയായില്ല സംസാരചക്രം.
