പദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

അർവ്വാചീനരായ ചില പ്രസിദ്ധകവികൾ

അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു
ജഗതിയിലമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമർത്തിടേണം.

ജാതിനിർണ്ണയത്തിലെ പദ്യങ്ങൾ സുപ്രസിദ്ധങ്ങളാണ്. 1096–ലാണ് അതു് ഉടലെടുത്തത്. ചിലതു നോക്കുക:

ഒരു ജാതി ഒരു മതം – ഒരു ദൈവം മനുഷ്യനു്
ഒരു യോനി ഒരാകാരം – ഒരു ഭേദവുമില്ലിതിൽ
ഒരു ജാതിയിൽനിന്നല്ലോ – പിറന്നീടുന്നു സന്തതി
നരസംഘമിതോര്ക്കുമ്പോ – ളൊരുജാതിയിലുള്ളതാം
നരജാതിയിൽനിന്നത്രേ – പിറന്നീടുന്നു വിപ്രനും
പറയൻതാനു,മെന്നുള്ള – തന്തരം നരജാതിയിൽ
പറച്ചിയിൽനിന്നു പണ്ടു – പരാശരമഹാമുനി
പിറന്നു, മറസൂത്രിച്ച – മുനി കൈവർത്തകന്യയിൽ

ജാതിനിർണ്ണയത്തിലെ ആദ്യപദ്യത്തിലെ രണ്ടു വരികൾ വർക്കല ശിവഗിരിയിലെ ശാരദാമഠത്തിൻ്റെ പ്രവേശനദ്വാരത്തിലും,

ജാതിഭേദം മതദ്വേഷം – ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന – മാതൃകാസ്ഥാനമാണിത്

എന്ന സന്ദേശം അരുവിപ്പുറം ക്ഷേത്രത്തിലും വിലേഖനം ചെയ്തിട്ടുമുണ്ട്.

തിരുവനന്തപുരത്തു ചെമ്പഴന്തിഗ്രാമത്തിൽ മണയ്ക്കൽ എന്ന പ്രദേശമാണ് സ്വാമിയുടെ ജന്മദേശം. അവിടെയുള്ള ഒരു സാധാരണകുടുംബത്തിൽ കുട്ടിയമ്മ, മാടനാശാൻ എന്നീ ദമ്പതിമാരുടെ പുത്രനായി 1030 ചിങ്ങമാസം ചതയം നക്ഷത്രത്തിൽ സ്വാമികൾ ജനിച്ചു. 1030-ലല്ല. 1032-ലാണു് ജനിച്ചതെന്നു പക്ഷാന്തരവുമുണ്ട്. പക്ഷേ, 1030 ചിങ്ങം 27-ാംതീയതി ചതയം നക്ഷത്രത്തിൽ കേരളത്തിലൊട്ടാകെ അദ്ദേഹത്തിൻ്റെ ജന്മശതവാർഷികം കൊണ്ടാടിയതിൽനിന്നും ആദ്യത്തെ തീയതിയാണു് വിശ്വാസയോഗ്യമായിട്ടുള്ളതെന്നു തോന്നുന്നു. നാരായണൻ എന്നാണു് പേരിട്ടതെങ്കിലും നാണു എന്നാണു് എല്ലാവരും വിളിക്കുന്നത്. അറിവിലും തപസ്സിലും ഉന്നതനായി വർത്തിച്ചിരുന്ന ഈ മഹാപുരുഷൻ 1104 കന്നി 5-ാം തീയതി ശിവഗിരിയിൽവച്ചു സമാധിയടഞ്ഞു.