അർവ്വാചീനരായ ചില പ്രസിദ്ധകവികൾ
മൂലൂരിൻ്റെ കവിരാമായണസമരത്തിൽ നല്ലൊരു പങ്ക് ഒടുവാണു വഹിച്ചിരുന്നതു്. അതുപോലെതന്നെ സ്വകൃതിയായ കവിമൃഗാവലിവാദത്തിലും. കവിരാമായണത്തിൽ പെരുന്നെല്ലി കൃഷ്ണൻവൈദ്യനു മാരുതിപദം കൊടുത്തതു് ഒടുവിനു തീരെ രസിച്ചില്ല. അദ്ദേഹം ഹനുമാൻ എന്നു പേരുവച്ചു ചോദിക്കുകയാണു് :
പി. കെ. കൃഷ്ണനു മാരുതിപ്പദവി നിസ്സന്ദേഹമേകീടുകിൽ
കാ കാ കൂകിന കാകവര്യനു കുയിൽസ്ഥാനത്തെയും നൽകിടാം,
ശ്ലോകം തീർപ്പതിൽ വെണ്മണിച്ചുവ കുറച്ചുണ്ടെന്നു മിഥ്യാ ഭ്രമി-
ച്ചാഗംഭീരമരുത്തനൂജമഹിതസ്ഥാനം കൊടുക്കാവതോ?
സ്വകൃതിയായ കവിമൃഗാവലിയിൽ മൂലൂരിനെ കിടി(പന്നി)യായിട്ടാണു് വർണ്ണിക്കുന്നത്.
അപ്പത്രപംക്തികൾ തകർത്തമരുന്ന മൂലൂർ
പപ്പുപ്പണിക്കർ തടിയൻ കിടിതന്നെ നൂനം
അതു സംബന്ധിച്ചു ‘കേരളചന്ദ്രിക’യിൽ അക്കാലത്തു നടന്ന സമരത്തിലും ഒടുവ് ഊർജ്ജസ്വലതയോടെ എതിർക്കുകയുണ്ടായി.
ഒടുവിൻ്റെ ‘കുംഭകോണയാത്ര’ മലയാളത്തിൽ ഉണ്ടായിട്ടുള്ള യാത്രാകാവ്യങ്ങളിൽ ഏറ്റവും മേലേക്കിടയിൽ നില്ക്കുന്ന ഒരു കാവ്യമാണെന്നു പറയാം. ചണ്ഡാലീമോക്ഷം ഒന്നാംതരം കലാസൃഷ്ടിതന്നെ. അദ്ദേഹം എഴുതിയിട്ടുള്ള ചില സ്തോത്രങ്ങൾ സഹൃദയന്മാരെക്കൊണ്ടു സലാംപറയിപ്പിക്കുന്നവയാണു്. ഒന്നു മാത്രം ഇവിടെ കുറിക്കാം:
അഗപതി സുകൃതപതാകേ!
ഭഗവതി! ഭവ്യേ! ഭവാനി! ഭവദയിതേ!
വിഗതവ്യാജം കഴൽ തൊഴു-
മഗതിയെനിക്കംബയാണൊരവലംബം.
