അർവ്വാചീനരായ ചില പ്രസിദ്ധകവികൾ
ഭൂകാന്തരിൽബ്ഭുജപരാക്രമമാണു മുഖ്യം
ഹേ, കാന്തവിഗ്രഹ! ഭവാനിതറിഞ്ഞുകൂടേ?
ഇത്തരം പദ്യങ്ങളുടെ ശബ്ദസൗന്ദര്യംതന്നെ എത്രമേൽ ആമോദജനകമായിരിക്കുന്നു!
രത്നാവലി, ഉപകോശം, ദേവയാനീപരിണയം, ചണ്ഡാലീമോക്ഷം മുതലായവ കൂട്ടുകവിതകളത്രെ. ഒടുവ് ഏതിൽ കൈവെച്ചാലും അതിലെ സരസ്വതി പ്രസാദം ഒന്നുവേറെ തന്നെയായിരിക്കും. ശൃംഗാരരസത്തെ വർണ്ണിക്കുന്നിടത്താണു കവിയുടെ മിടുക്കു കൂടുതൽ തെളിഞ്ഞുകാണുന്നതു്. പങ്കീപഞ്ചകം മുതലായ കൃതികൾ അതിനു് ഉത്തമനിദർശനങ്ങളാണു്. ‘നല്ല ഭാഷ’യിലെ ഒരു പദ്യം നോക്കുക:
മിന്നൽക്കൊക്കുന്ന പൂമെയ്പൊലിയുമയുമകതാരിട്ടൂലയ്ക്കും മുലക്കു-
ന്നന്നപ്പോക്കും മഴക്കാറെതിർ തലമുടിയും മുല്ലമൊട്ടൊത്ത പല്ലും
കന്നൽക്കണ്ണും കടുംചോപ്പുടയ ചൊടികളും കാണുകിൽ കൊച്ചുതെക്കൻ
തെന്നൽത്തേരിൽക്കരേറുന്നവനുടെ തറവാട്ടമ്മയോയെന്നു തോന്നും.
‘മദിരാശിക്കടൽക്കര’യെപ്പറ്റി എഴുതിയിട്ടുള്ള കൃതിയിൽനിന്നും ഒരു ചിത്രം ഇവിടെ ഉദ്ധരിക്കാം:
തടിച്ച മുലപൊക്കി നല്ലരയൊതുക്കി വെൺതൂവലിൻ
പൊടിപ്പുടയ തൊപ്പിമേൽ പുതിയ പൂക്കൾവച്ചങ്ങനെ
അടിക്കടിയുമാടതൻ ഞെറിപിടിച്ചു പെൺതത്തതൻ
പടിക്കു മൊഴിയോതി വന്നിതു മദാമ്മമാർ നൂറുപേർ
ധ്വരമാരെക്കുറിച്ചുള്ള വർണ്ണനയും ഇതുപോലെതന്നെ സ്വാഭാവികവും സാരസ്യപൂർണ്ണവുമാകുന്നു.
