പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

ഭൂമിഗീതങ്ങൾ എന്ന സമാഹാരത്തിലെ ആദമും ദൈവവും, ഉർവ്വശീനൃത്തം മുതലായ കവിതകൾക്ക് പുതിയൊരർത്ഥവും അഭിവീക്ഷണവും കവി കല്പിച്ചിരിക്കുന്നു. കവിപ്രതിഭയെ സമുജ്ജ്വലമായി പ്രകാശിപ്പിക്കുന്നവയാണു് പ്രസ്തുത കൃതികൾ. ദൈവം ആദത്തിനു മാപ്പുനല്കിയ അവസരത്തിലും ഹവ്വയെപ്പറ്റി ഒന്നും പ്രസ്താവിച്ചില്ല. ആ ഘട്ടത്തിൽ ആദം ബോധിപ്പിക്കുകയാണു്:

നന്ദി, ഹേ കാരുണ്യാത്മൻ! താങ്കളിപ്പൊഴുമെൻ്റെ
പെണ്ണിനെക്കുറിച്ചൊരു നല്ലവാക്കുരച്ചില്ല
ഇവളാണെന്നും, പാപ – ശിക്ഷയേറ്റത് – തെറ്റി,
ഇവളാണതു നേടി – ത്തന്നതീയുള്ളോന്നന്നും
തിരിച്ചിങ്ങിവളെയും വിളിക്കൂ! തനിച്ചെങ്ങും
ചരിക്കില്ലെന്നേ ഞങ്ങ – ളന്നു ചെയ്തതാം സത്യം.
കോർത്ത‌ കൈകളൊഴിക്കുക – ദേവകൾക്കാകാം; ക്ലേശ-
മാർ​ഗ്ഗചാരിയാം മർത്ത്യ – ന്നെന്തുള്ളൂ, തുണ വേറേ?
എൻ്റെ ജീവിതലാഭ – രാശിതൻ ഗുണോത്തരം
ഇന്നിവളില്ലാ കൂടെ – യെങ്കിലേദനും തുച്ഛം!

കവിയുടെ സമയോചിതമായ ആ മനോധർമ്മത്തിനാണ് സലാംപറയേണ്ടതു്.