പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

ഇന്ത്യയെന്ന വികാരം എന്ന സമാഹാരത്തിലെ ‘കുറ്റവാളി’ സമസൃഷ്ടിസ്നഹത്തിനുവേണ്ടി ബലിയർപ്പിക്കുന്ന ഒരു ധീരപുരുഷനാണു്. വിയറ്റ്നാമിൽ യുദ്ധം ചെയ്യുവാൻ ബോംബിടാൻ മടിച്ച – ഒരു അമേരിക്കൻ ഭടനു് പട്ടാളക്കോടതി വധശിക്ഷ നല്കുന്നതാണ് അതിലെ പ്രമേയം. പുരാതനന്മാരായ ആര്യമഹാന്മാർ ജ്ഞാനവിജ്ഞാനങ്ങളെക്കൊണ്ട് ഊട്ടിവളർത്തിയ ഒരു മനോഹരരാജ്യമാണു് ഭാരതം. അതിന്നു് അൻപതുകോടിയിലധികം ജനങ്ങളുടെ ആവാസഭൂമിയാണു്. എന്നാൽ അതിനെ കാലോചിതമായി വളർത്തി ഉയർത്താൻ കരുത്തുറ്റ കൈകൾ ഇല്ലാതായിരിക്കുന്നു എന്ന തത്ത്വമാണു് ‘എൻ്റെ രാഷ്ട്രത്തോടു്’ എന്ന കവിതയിൽക്കൂടി കവി ധ്വനിപ്പിക്കുന്നത്.

*’തപ! തപ!’ എന്നെന്നെയുണർത്താൻ
തവനിശിതസ്വരമിന്നെവിടെ?

* (ബ്രഹ്മാവ് താമരയിൽ നിന്നാണല്ലോ ജനിച്ചത്. താൻ പിറന്ന താമരയുടെ നാളത്തിലൂടെ രഹസ്യം തേടിച്ചെന്ന ബ്രഹ്മാവു് ഒടുക്കം ‘തപ!’ തപ!’ എന്നു മാത്രം കേട്ട് മടങ്ങിപ്പോന്നുവത്രേ.)