പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

വിഷ്ണുനാരായണൻ നമ്പൂതിരി: അത്യാധുനികന്മാരിൽ അദ്വിതീയനായി വർത്തിക്കുന്ന ഒരു വിശിഷ്ടകവിയാണു് വിഷ്ണുനാരായണൻ. സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, പ്രണയഗീതങ്ങൾ, ഭൂമിഗീതങ്ങൾ, ഇന്ത്യയെന്ന വികാരം തുടങ്ങി അനേകം കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വായനക്കാർക്കു പരിചിതമായ ചില വൃത്തങ്ങളിലും, വായിച്ചാൽ മനസ്സിലാകുന്ന ഭാഷയിലുമാണു് അദ്ദേഹം കൃതികൾ ചമയ്ക്കാറുള്ളത്. ഏതിലും ഒരു ശുഭാപ്തിവിശ്വാസവും അദ്ദേഹത്തിനുണ്ട്. “തന്നെയുമല്ല, സംസ്കൃതമലയാളകാവ്യസരണികളിൽ അഗാധമായ അവഗാഹം വിഷ്ണു നേടിയിട്ടുണ്ട്. ഈ ദശാബ്ദത്തിൽ എഴുത്താരംഭിച്ച മറ്റൊരു മലയാളകവിയിലും ഇത്രയും പരിനിഷ്ഠിതമായ പാണ്ഡിത്യം ഞാൻ കണ്ടിട്ടില്ല. ഭാഷ അതിൻ്റെ എല്ലാ അർത്ഥഗംഭീരിമയോടുംകൂടി പ്രയോഗിക്കാനുള്ള കഴിവു് ഈ പാണ്ഡിത്യത്തിൽനിന്നു് വിഷ്ണു നേടിയിരിക്കുന്നു. വിഷ്ണുവിൻ്റെ കവിതാലത വേരൂന്നിയിട്ടുള്ളതു് സംസ്കൃത മലയാള കവിതകളുടെ ഉർവ്വരമായ മണ്ണിലാണെങ്കിൽ അതു തളിർക്കുന്നതും പൂക്കുന്നതും കായ്ക്കുന്നതും ആധുനിക പാശ്ചാത്യ കവിതയുടെ അന്തരീക്ഷത്തിൽനിന്നു വായുവും സൂര്യപ്രകാശവും ഉൾക്കൊണ്ടുകൊണ്ടാണു്. ആധുനിക ജീവിത സംവേദനങ്ങളുമായി അങ്ങേയറ്റം സംവദിക്കുന്നൊരു കവിചേതനയാണ് വിഷ്ണുവിൻ്റേത്.” എൻ. വി. കൃഷ്ണവാര്യരുടെ ഈ അഭിപ്രായം സുചിന്തിതമായ ഒന്നുതന്നെയെന്നു് ഈ കവിയുടെ കൃതികൾ വായിക്കുന്ന ഏതൊരാളും സമ്മതിക്കുന്നതാണു്.