പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

വേദോപനിഷൽക്കാലം മുതലുള്ള നമ്മുടെ ഭൂതകാല പാരമ്പര്യത്തിൻ്റെ സ്വാധീനം നവീനാനുഭൂതികളോടു കൂട്ടിവിളക്കുവാൻ ചെയ്തിട്ടുള്ള കവിയുടെ യത്നം ഇവിടെ അഭിനന്ദനീയമാണു്. ‘പ്രിയതമേ, പ്രഭാതമേ!’, ‘മൃത്യുപൂജ’ മുതലായ കവിതകളും ഈയവസരത്തിൽ സ്മരണീയങ്ങളായിരിക്കുന്നു. മൃത്യുപൂജയിൽ കവി പ്രസ്താവിക്കുന്ന ഒരു ഭാഗം ഇവിടെ ഉദ്ധരിക്കത്തക്കതായി തോന്നുന്നു

എവിടെയൊരു യുദ്ധമുണ്ടവിടെയൊരു ക്ഷാമമുണ്ടെന്നു കേട്ടീടിലും
കവിതയെഴുതീട്ടതും കാശാക്കിമാറ്റുന്നു
ബഹുജനഹിതാർത്ഥം ജനിച്ചു ജീവിപ്പവൻ.

സംഭവങ്ങളെ സംഭവിക്കുന്ന രീതിയിൽത്തന്നെ പ്രകാശിപ്പിക്കുന്നതിൻ്റെ അനൗചിത്യത്തെയാണു് കവി ഇവിടെ അധിക്ഷേപിക്കുന്നത്. പരിവർത്തനത്തിൻ്റെ വഴിതെളിച്ച കൃതികളിൽ അതീവശ്രദ്ധേയമായ ഒന്നാണു് അയ്യപ്പപ്പണിക്കരുടെ ‘കുരുക്ഷേത്രം’ എന്ന കൃതി എന്നു പറയാം.

തന്നയൽപക്കത്തരവയർനിറയാപ്പെണ്ണിനു
പെരുവയർ നല്കും മർത്ത്യനു സ്തുതിപാടുക നാം

എന്നു ‘കുടുംബപുരാണ’ത്തിലുള്ള നിന്ദാസ്തുതിയും മറ്റും അഭിനന്ദനീയമാണു് – എന്നാൽ, ‘പ്രളയത്തി’ൽ, ‘രണ്ടരരൂപ കണക്കു പറഞ്ഞവൾ’ വാങ്ങിയതും മറ്റും വിവരിക്കേണ്ടതില്ലായിരുന്നു എന്നു തോന്നുന്നു.

പണിക്കരുടെ എഴുപതോളം കവിതകൾ സമാഹരിച്ചു ‘അയ്യപ്പപ്പണിക്കരുടെ കൃതികൾ’ എന്ന പേരിൽ ഒരു പ്രത്യേകസമാഹാരവും പ്രകാശിപ്പിച്ചിട്ടുണ്ട്.