അത്യാധുനിക കവികൾ
ജോസഫ് അഞ്ചനാട്: വാസനയും ഭാവനയും പൂണ്ടു വിരിയുന്ന ഒരു പ്രതിഭയുടെ ഉടമയാണ് ജോസഫ് അഞ്ചനാടു് ‘വഴിയമ്പലത്തിലെ സന്ധ്യയിൽ’ എന്ന കവിത പ്രത്യേകം ശ്രദ്ധേയമാണു്:
നിഴലും വെളിച്ചവുമേകമാം നിമേഷത്തിൽ
നിഴലിക്കുന്നൂ മുഗ്ദ്ധശൈശവമുകുരത്തിൽ
എന്ന സത്യം കവി ഇതിൽ ഭാവോദ്ദീപ്തമായി ചിത്രീകരിക്കുന്നു. അവതാരികയിൽ മഹാകവി പാലാ പ്രസ്താവിച്ചിട്ടുള്ളതുപോലെ, ‘മതത്തിൽനിന്നുരുത്തിരിഞ്ഞ പ്രസാദാത്മകമായ ഒരു ദർശനം കവിയെ അടിമുടി ആവേശിച്ചിരിക്കുന്നതായി കാണാം.’
സ്വർഗ്ഗത്തിലെ വേട്ടപ്പട്ടി തുടങ്ങിയവയാണ് അഞ്ചനാടിൻ്റെ മറ്റു കൃതികൾ.
രാമകൃഷ്ണപിള്ള, മലയേഷ്യ: നർത്തകിയും ഗായകിയും, ലീലാശുകം എന്നിങ്ങനെ ചില കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ‘ചിത്ര’ ഒൻപതു രംഗങ്ങളിലായി വിരചിച്ചിട്ടുള്ള ഒരു പദ്യനാടകമാണു്. മാതൃക കാണിക്കുവാൻ രണ്ടുനാലു വരികൾ ഉദ്ധരിച്ചുകൊള്ളട്ടെ:
രാജപുത്രിയാം ചിത്ര ഞാൻ, താവക–
പൂജയർഹിക്കും ദേവിയല്ലെൻ പ്രഭോ!
ഒട്ടിനില്ക്കെ കനിവാർന്നഗണ്യയായ്
തട്ടിനീക്കേണ്ടും പാറ്റയുമല്ല ഞാൻ.
