അത്യാധുനിക കവികൾ
ഈ ഘട്ടത്തിലുണ്ടായ സംഭവം കവി വാക്യത്തിൽത്തന്നെ കുറിക്കട്ടെ:
തന്നകക്കാമ്പിൽ മന്ദ്ര – സാന്ത്വനം തുളിക്കുമ-
ക്കുന്നിവല്ലിയെപ്പണ്ടു – നോവുകളേല്പിച്ചതിൽ
അല്ലലാർന്നകം തളർ – ന്നങ്ങതാ മുരുക്കു, ത-
ന്നുള്ളറ പൊട്ടി, ചോര – തുപ്പുന്നൂ ചില്ലത്തുമ്പിൽ!
വേനൽക്കാലത്തു് മുരുക്കിലെ ഇലകൾ പൊഴിയുന്നതും, അതിൻ്റെ ചില്ലകളുടെ അറ്റത്തു ചുവന്ന പൂങ്കുലകൾ വിരിയുന്നതും നാം കണ്ടിട്ടുള്ളതാണല്ലോ. കവിയുടെ ഭാവന അതിനു യുക്തമായ ഒരർത്ഥം കല്പിച്ചു നമ്മെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഇതാണു് ചിന്താസുന്ദരമായ കാവ്യത്തിൻ്റെ സ്വഭാവം. ഗോപാലകൃഷ്ണൻ്റെ മിക്ക കൃതികളിലും ഇത്തരം അനുഭൂതികളുടെ സുന്ദരമായ ആവിഷ്ക്കരണം സൂക്ഷ്മദൃക്കുകൾക്കു കാണാവുന്നതാണു്. കണ്ണൻചിരട്ടകൾ എന്ന സമാഹാരത്തിൽ എഴുപത്തഞ്ചിലേറെ കുട്ടിക്കവിതകൾ അടങ്ങിയിരിക്കുന്നു. കുട്ടികളുടെ മനസ്സിനെ പ്രത്യേകം ആകർഷിക്കത്തക്ക വിധത്തിൽ ആ ലഘുഗാനങ്ങൾക്കു രൂപഭാവങ്ങൾ നല്കുന്നതിൽ കവി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടു്; വിജയപ്രദമായിത്തീർന്നിട്ടുമുണ്ട്.
