പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

ചവിട്ടടികൾ എന്ന സമാഹാരത്തിൽ മുപ്പത്തൊന്നു ലഘുകവിതകൾ അടങ്ങിയിരിക്കുന്നു. ഓരോന്നും അനുഭൂതികളുടെ സുന്ദരമായ ആവിഷ്കരണമെന്നുതന്നെ പറയാം.

ഉൾക്കുളിരണിനഗ്ന – പുഷ്പങ്ങൾ ലാവണ്യങ്ങൾ
നൃത്തമാടീടുമീ നീല – പ്പൊയ്കയിൽ പിറന്നൂ ഞാൻ.
ഇരവിൻകൂട്ടിൽ സുപ്ത – ഭ്രൂണമായ് കിടന്നൂ ഞാൻ;
വിരവിൽ ചെമ്പൊൽക്കതിർ – ക്കിളിയായ് വിരിഞ്ഞൂ ഞാൻ.
പുലരിത്തോപ്പിൽ പൂഗ – ഗന്ധമായ് വന്നൂ ഞാൻ; വിൺ–
മലർവാടിയിൽ രക്ത – പുഷ്പമായ് വിടർന്നൂ ഞാൻ….

കവിപ്രതിഭയുടെ വിളയാട്ടമാണു് നാമിവിടെ കാണുന്നത്.

‘വേദനയുടെ ഗാനം’ എന്ന കൃതി കവിയുടെ കല്പനാശക്തിയെ വിളംബരം ചെയ്യുവാൻ മതിയായ ഒന്നുതന്നെ.

മുള്ളുണ്ടാം മുരുക്കിലെ – ന്നറിയായ്കയാലാവാ –
മുല്ലാസവായ്പോടന്നാ – ക്കുന്നി, തൻ തല നീട്ടി

മുരുക്കിനെ വലംവച്ചു വലംവച്ചു കയറുന്നു. എന്നാൽ എരുക്കിൻ്റെ തല നീളുന്ന മുള്ളുകൾ തറച്ചു കുന്നിച്ചെടി വലയുകയായി. ദിവസങ്ങളും മാസങ്ങളും ഇങ്ങനെ നീങ്ങിയ കാലഘട്ടത്തിലാണു് കൊടിയ വേനൽക്കാലം വന്നുകൂടിയതു്. ഏറിയ ചൂടാൽ സമനിലതെറ്റിയ കാലം ആ മുരുക്കിനെ തല്ലിച്ചതച്ചുതുടങ്ങി. കരൾ പൊട്ടുന്ന വേദനയാൽ മുരുക്കിലകൾ മിഴിനീരുതിർത്തുതുടങ്ങി. ഈ ഘട്ടത്തിൽ കുന്നിച്ചെടി കാരുണ്യപൂർവ്വം മുരുക്കിൻതടിയെ തലോടി. ആരാണു തൻ്റെ ഈ കഷ്ടകാലത്തു തന്നെ പരിചരിക്കുന്നതെന്നു നോക്കുന്ന സമയം, കുന്നിച്ചെടികൾ രക്തബിന്ദുക്കളാകുന്ന കുന്നിക്കുരുക്കൾ ചൂടി ലതകൾ തൻ്റെ ശരീരത്തെ ചുറ്റി ചുംബിച്ചു നില്ക്കുന്ന കാഴ്ചയാണു കണ്ടതു്.