പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

വെള്ളായണി അർജ്ജുനൻ: പ്രതിഭാപ്രഭാവവും പ്രയത്നശീലവും അന്യോന്യരഞ്ജിതമായി സമ്മേളിച്ചിട്ടുള്ള ഉത്തിഷ്ഠമാനനായ ഒരു കവിയാണ് ഡോ: വെള്ളായണി അജ്ജുനൻ. പ്രകൃതിയെ നിരീക്ഷണംചെയ്യുന്നതിലും, അതിൽ അന്തർലീനമായിരിക്കുന്ന ഗഹനഭാവങ്ങളെയും സൗന്ദര്യവിശേഷങ്ങളേയും കണ്ടറിയുന്നതിലും, ഉചിതരസവിചാരത്തോടുകൂടി അവയെ ഉൽഗാനം ചെയ്യുന്നതിലും ഈ യുവകവിക്കുള്ള കഴിവ് അനന്യസാധാരണമെന്നേ പറയേണ്ടൂ. ലാളിത്യം, ഗാനാത്മകത എന്നീ ഗുണങ്ങൾ അജ്ജുനൻ്റെ കവിതകളുടെ സഹജസ്വഭാവമാണു്. കാർത്തികവിളക്ക്, ഗംഗയാറൊഴുകുന്നു എന്നീ സമാഹാരങ്ങൾ ഈയവസരത്തിൽ സ്മരണയിൽ വന്നുചേരുന്നു.

തീരാത്ത സന്താപത്തിൻ ചെന്തീയിലുരുകുമെൻ
തോരാത്ത മിഴിനീർപോൽ വന്നിതാ മഴക്കാലം
ജലനിർഭരങ്ങളാം കാളമേഘങ്ങൾ, വാനിൽ
മലർവാടിയെക്കൊടുങ്കാടാക്കിച്ചമയ്ക്കുന്നു
കൊമ്പാട്ടിക്കുതിക്കുന്ന കൂറ്റരാം ഗജങ്ങൾപോ-
ലെമ്പാടും പരക്കുന്നു കൃഷ്ണപ്പരുന്തിന്നിരുൾ;
ദൂനയാമെൻ ചിത്തം പോൽ ശൂന്യമാണെൻ പത്തനം;
ദീനമാം മദ്ഗേഹമ്പോലെനിക്കു ശൂന്യം ലോകം! (ഒരു വിയോഗിനിയുടെ നെടുവീർപ്പുകൾ)

എന്നു തുടങ്ങിയ ഭാ​ഗങ്ങൾ നോക്കുക. അല്ലെങ്കിലെന്തിനു്? പ്രസ്തുത സമാഹാരങ്ങളിലെ ഏതു കവിതയും മുൻപറഞ്ഞ വസ്തുതകൾക്കു് ഉദാഹരണങ്ങളായി പ്രദർശിപ്പിക്കാവുന്നതുതന്നെ. ഗംഗയാറൊഴുകുന്നു എന്ന കവിത, കവിയുടെ ദേശാഭിമാനത്തെ വിളംബരം ചെയ്യുവാൻ സർവ്വഥാ പര്യാപ്തമായിരിക്കുന്നു. ജീവിതചിത്രങ്ങൾ, ചോരപ്പൂങ്കുല, വിണ്ണിൽനിന്നു മണ്ണിലേക്കു്, അമ്പിളി എന്നിവയാണു് അർജ്ജുനൻ്റെ ഇതരകൃതികൾ. സർഗ്ഗകുശലതയുള്ള അർജ്ജുനൻ്റെ തൂലികയിൽനിന്നു മഹത്തായ പല സംഭാവനകളും കൈരളിക്കു ലഭിക്കുമെന്നു് നമുക്കു ന്യായമായി ആശിക്കാവുന്നതാണു്.