അത്യാധുനിക കവികൾ
അനർഹമായ വ്യക്തിത്വ പ്രതിഷ്ഠയ്ക്കുവേണ്ടി പല കവികളും കലാകാരന്മാരും ചെയ്തുകൊണ്ടിരിക്കുന്ന പാഴ് വേലകളെ അന്തിമലരിയിലെ ‘ഞാൻ’ എന്ന കൃതിയിൽ കവി ഉപഹാസപൂർവ്വം വെളിപ്പെടുത്തുന്നതു നോക്കുക:
മരണം കഴിഞ്ഞേ മദീയ ദിവ്യ–
മഹിമ മനുഷ്യർ മനസ്സിലാക്കൂ…
പലരും നിരീക്ഷിക്കു, മെൻ മൃതിയാ–
ലുലകിൻചരിത്രത്തിൽ വീണ വിള്ളൽ
ഗുരുതരമെന്നും, നികത്തുവാൻ മ–
റ്റൊരുവനും പറ്റുകില്ലെന്നു,മന്നാൾ.
അഴകുള്ള കള്ളങ്ങൾ കോർത്തിണക്കി
എഴുതും കവികൾ വിലാപകാവ്യം;
കടൽ നീന്തിയേതോ മദാമ്മ വന്നെൻ
ചുടലയിൽക്കണ്ണീർപൊഴിച്ചു കേഴും;
കുറെയാൾക്കാരെൻപേർ പറഞ്ഞു ഭാഗ്യ–
ക്കുറികൾ തുടങ്ങും, പണം പിടുങ്ങും…
പ്രജകളും സർക്കാരുമൊത്തുകൂടി
ഖജനാവു കട്ടും കടം പിരിച്ചും
മരണത്തിൽനിന്നെന്നെയുദ്ധരിച്ചെൻ
സ്മരണയ്ക്കായ് ചൈത്യങ്ങൾ വാർത്തു നാട്ടും.
