അത്യാധുനിക കവികൾ
കവിയുടെ രസികതയും അനായാസമായ ശൈലിയും വെളിപ്പെടുത്തുവാൻ കന്യാഹൃദയത്തിൽനിന്നു് ഒരു ഭാഗം ഉദ്ധരിച്ചുകൊള്ളട്ടെ:
നഗരം വിട്ടു വടക്കൊരു നാഴിക–
യകലെ,യൊഴിഞ്ഞ വയല്ക്കരയിൽ
മാവുകൾ പൂത്തു മണം ചോരിയും നറു–
പൂവുകളുതിരും താഴ്വരയിൽ
ചുറ്റിവളഞ്ഞുപുളഞ്ഞിഴയും വഴി–
വക്കിലെ നാടൻപുൽക്കുടിലിൽ
പുഷ്പിതതനുവായുണ്ടൊരു പെൺകൊടി
പുഷ്കലചൈത്രവിലാസം പോൽ.
ചാട്ടുളിപോൽ, വിരുതേറും കരിമീൻ–
ചാട്ടംപോൽത്തൻ തെളിനോട്ടം;
പൂവിലെ മക്ഷികപോലൊരു കാക്ക–
പ്പുള്ളി തുടുത്ത നുണക്കുഴിയിൽ;
പുരമുറ്റത്തൊരു മാതളനാരക–
മരവും തുളസിക്കൽത്തറയും;
ചിലപൊഴുതവളെക്കാണാമാവഴി–
യലയുകിൽ, നുകരാം ചെവിയോർത്താൽ
വലിയ തിരക്കിലടുക്കളയിൽക്കൈ–
വളകൾ ചിലയ്ക്കും കളനിനദം
അമലാകർഷകകർഷകകന്യക–
യവളാമോ നിൻ സ്വാമിനിയാൾ?
