അത്യാധുനിക കവികൾ
ജെ. ടി. ആമ്പല്ലൂർ: കഴിഞ്ഞ ഒരു ദശാബ്ദമായി പല ആനുകാലിക പ്രസിദ്ധീകരണങ്ങളിലും തുടതർച്ചയായി കവിതകൾ എഴുതിക്കൊണ്ടിരിക്കുന്ന ഉത്തിഷ്ഠമാനനായ ഒരു യുവകവിയാണു് ജെ. ടി. ആമ്പല്ലൂർ. മുന്തിരിക്കുല, ഒരു പൂവും കുറെ മൊട്ടുകളും, പ്രപഞ്ചശില്പി, താമരപ്പൊയ്ക, മുത്തുമാല, ആകാശഗംഗ എന്നീ സമാഹാരങ്ങൾ ഇതിനകം പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. മറ്റു ചിലത് ആസന്നഭാവിയിൽ പുറപ്പെടുവിക്കത്തക്ക വണ്ണം തയ്യാറാക്കിയിട്ടുമുണ്ട്. ജീവിതാനുഭവം, ലോകനിരീക്ഷണം, ഭാവന, ആസ്തിക്യബോധം എന്നിവയുടെ സമഞ്ജസമായ ആവിഷ്ക്കരണമാണ് ആമ്പല്ലൂരിൻ്റെ കൃതികളിൽ പൊതുവേ കാണുന്നത്. സരളമായ ഒരു ശൈലിയും ഈ യുവാവിനു സ്വാധീനമായിട്ടുണ്ട്. ചില ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കട്ടെ: മുന്തിരിക്കുല എന്ന സമാഹാരത്തിലെ ആദ്യ കവിതയായ ‘ഓർമ്മകൾ ജീവിക്കുന്നു’ എന്ന കവിതയിൽനിന്നു് –
ഏതിരുട്ടിലും ദീപ,മേതഴലിലും സുഖ-
മേതു വീഴ്ചയിൽപ്പോലുമുയർച്ച ചേർക്കും വിധി
തന്നതാണെനി, ക്കെൻ്റെയോമനേ! നിന്നെക്കനി-
ഞ്ഞെന്നിലെ പ്രേമം നിന്നിൽ പകർന്നൂ വാത്സല്യമായ്.
ഇവിടെ അനുരാഗത്തിൻ്റെ മണിവേദിയിൽനിന്നു വാത്സല്യത്തിൻ്റെ ഇളം തൈ പൊടിച്ചുവരുന്നതായി കവി കല്പിക്കുന്നു.
