പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

കാവാലം നാരായണപ്പണിക്കർ: കണ്ണീർമങ്ക, കൊമ്പും കുളമ്പും, വൃത്തം തെറ്റിയ കവിത തുടങ്ങിയ സമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണവിലാപം എന്ന കവിത വളരെ പ്രസിദ്ധമാണു്. അവനവൻ കടമ്പ തുടങ്ങിയ നാടകങ്ങളിലൂടെയാണ് നാരായണപ്പണിക്കർ കൂടുതൽ ശ്രദ്ധേയനായിത്തീർന്നിട്ടുള്ളതു്.

പുനലൂർ ബാലൻ: ബാലൻ്റെ അഞ്ചാമത്തെ കവിതാസമാഹാരമാണു് അരം. ജനകീയത കൈവരിച്ചിട്ടുള്ള കവിതകളാണിതിൽ അധികവുമുള്ളതു്. ‘ഉൾബലമുള്ള ഒരു കവിയുടെ ഉൾബലവും മെയ്ബലവുമുള്ള കുറെ കവിതകൾ അരം സംഭാവനചെയ്യുന്നു’ എന്നു് അവതാരികയിൽ നീലംപേരൂർ മധുസൂദനൻ നായർ പ്രസ്താവിച്ചിട്ടുണ്ട്. നാടൻഹൃദയങ്ങളുടെ തുടിപ്പുകൾ കണ്ടറിയുവാൻ ബാലനുള്ള അനന്യസാധാരണമായ സ്ഥിതിവിശേഷം അദ്ദേഹത്തിൻ്റെ കൃതികൾക്കു കൂടുതൽ മിഴിവേകുവാൻ സഹായകമായിത്തീർന്നിട്ടുണ്ട്. ശീമക്കൊന്ന മുതൽ മുപ്പതിലധികം കവിതകൾ പ്രസ്തുത കൃതിയിൽ അടങ്ങിയിരിക്കുന്നു. ബാലൻ്റെ ഇതരകൃതികൾ തുടിക്കുന്ന താളുകൾ, രാമൻരാഘവൻ, കോട്ടയിലെ പാട്ട്, മൃതസഞ്ജീവിനി എന്നിവയാണു്.