അത്യാധുനിക കവികൾ
നീലംപേരൂർ മധുസൂദനൻ നായർ: അനേകം നല്ല സമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ശ്രദ്ധേയനായ ഒരു കവിയാണു് മധുസൂദനൻനായർ. ഹിമബിന്ദുവിൽ നിഴലിക്കുന്ന പ്രപഞ്ചവും തുടർന്നു മർത്ത്യഭാവം നിറഞ്ഞുതുളുമ്പുന്നതുമായ പ്രഫുല്ലഹൃദയവുമാണു് അന്തർമ്മുഖൻ എന്ന സമാഹാരത്തിലെ പ്രഥമകൃതിയായ അന്തർമ്മുഖനിൽ ആവിഷ്ക്കരിച്ചിട്ടുള്ളത്. അന്തർമ്മുഖനിലെ ‘തമസാതീരത്തിൽ’ എന്നു തുടങ്ങിയ മറ്റു കവിതകളും ഇതുപോലെതന്നെ ചിന്താബന്ധുരങ്ങളാണു്. അപൂർണ്ണൻ, അമരൻ, ഈറ്റില്ലം, ഉറങ്ങും മുമ്പ്, തമ്പുരാൻപണം, ബാലമുരളി, വെള്ളിവിളക്കുകൾ മുതലായവയാണു് മധുസൂദനൻ നായരുടെ മറ്റു കൃതികൾ.
കടവനാട് കുട്ടിക്കൃഷണൻ: നാദനൈവേദ്യം, സുപ്രഭാതം, കാഴ്ച, വെട്ടും കിളയും ചെന്ന മണ്ണ് എന്നീ സമാഹാരങ്ങൾ ഇതിനകം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു വിശിഷ്ടകവിയാണു് കുട്ടിക്കൃഷ്ണൻ. 1977-ലെ ഏറ്റവും നല്ല കവിതയ്ക്കുള്ള കേരള സാഹിത്യഅക്കാദമി അവാർഡ് കുട്ടിക്കൃഷ്ണൻ്റെ സുപ്രഭാതത്തിനാണു ലഭിച്ചിട്ടുള്ളതു്. ശുദ്ധവും സുന്ദരവുമായ 18 കവിതകൾ അതിൽ അടങ്ങിയിരിക്കുന്നു.
സുമോഹനാന്തർഗ്ഗതമെല്ലാമൊരു
വിഭാതതാരകമായ്ത്തെളിയുന്നൂ
ശുഭോദയത്തിൻ ചോരക്കുഞ്ഞിനു
നന്മുല വന്മലയേകുന്നൂ. (സുപ്രഭാതം)
എന്നിങ്ങനെയുള്ള ഭാഗങ്ങൾ വായിക്കുമ്പോൾ കവിയുടെ ഭാവനയും രസികതയുമോർത്തു സഹൃദയർ പുഞ്ചിരിതൂകാതിരിക്കയില്ല.
കവിയുടെ ജീവിതദർശനവും രചനാ ശൈലിയും അനുക്രമം വികസിച്ചതിൻ്റെ ലക്ഷണം ‘നാദനൈവേദ്യം’ സമാഹാരത്തിൽ തെളിഞ്ഞുകണാം. 15 കവിതകൾ ഉൾക്കൊള്ളുന്ന ആ സമാഹാരത്തിലെ ആദ്യ കവിതയായ ‘നാദനൈവേദ്യം’ വി. കെ. എഴുത്തച്ഛൻ കുറിച്ചിട്ടുള്ളതുപോലെ കടവനാട്ടിൻ്റെ കൂമ്പിയ കൈകളിൽ വിരിഞ്ഞ മാൺപിൻ്റെ താമരത്താർതന്നെയാണു്. കുട്ടിക്കൃഷ്ണൻ്റെ മറ്റു കൃതികളെപ്പറ്റി ഒന്നുംതന്നെ ഇവിടെ കുറിക്കുന്നില്ല.
