പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

‘ടാഗോറും ശങ്കരക്കുറുപ്പും കുഞ്ഞിരാമൻനായരും നിർവാണ പുളകമണിഞ്ഞ മുഹൂർത്തങ്ങളിൽ ഒന്നാണിവിടെയും നാം കാണുക. ശുദ്ധമേ, ആത്മാലാപങ്ങളായ ഇത്തരം പ്രചോദിത ഗാനങ്ങളിൽ കവിയുടെ ആത്മകഥ നി​ഗൂഹനം ചെയ്തിരിക്കുന്നു എന്നു പറയാം.’ * (സി. പി. ശ്രീധരൻ.)

1928 ജനുവരി 15-ാം തീയതി തലശ്ശേരിക്കടുത്തുള്ള പാട്യം ഗ്രാമത്തിൽ കവി ജനിച്ചു. 1969 നവംബറിൽ ചരമമടഞ്ഞു.

അപ്പൻ തച്ചേത്ത്: കാൽ നൂറ്റാണ്ടിലധികം കാലമായി പല കവിതകളും എഴുതിക്കൊണ്ടിരിക്കുന്ന പ്രതിഭാശാലിയായ ഒരു കവിയാണു് അപ്പൻ തച്ചേത്തു്. ഉദയാസ്തമനങ്ങൾ എന്ന കൃതിയെ അനുഗ്രഹിച്ചുകൊണ്ടു “ജി” പുറപ്പെടുവിച്ച വാക്കുകൾ ഞാനിവിടെ അനുസ്മരിക്കുകയാണു്.

‘മിന്നലിൻദീപ്തി നീ നേടൂ കൊടുങ്കാറ്റിൻ്റെ ശക്തിയും
നിന്നിൽനിന്നും തെറിക്കുന്ന-നിർമ്മലാമോഘവാക്കുകൾ’.

ഉദയാസ്തമനങ്ങളിൽ 26 കവിതകൾ അടങ്ങിയിരിക്കുന്നു.

ഉദയം കണ്ടുണരാനൊരു പൂവി-
ന്നുള്ളം നിന്നു തുടിക്കേ, മിഴികളി-
ലുദയം കൊള്ളുകയായ് സർഗ്ഗാത്മക-
ചൈതന്യത്തിൻ ഭാവസ്ഫുരണം!

എന്നിങ്ങനെയാണ് പ്രസ്തുത സമാഹാരത്തിലെ ഒടുവിലത്തെ കവിതയായ ഉദയാസ്തമനങ്ങൾ ആരംഭിക്കുന്നതു്. അപ്സരസ്സുകൾ, പൂപ്പാലിക, നിറങ്ങൾ നിഴലുകൾ തുടങ്ങിയവയാണു് തച്ചേത്തിൻ്റെ മറ്റു കൃതികൾ.