അത്യാധുനിക കവികൾ
കെ. പി. ബി. പാട്യം: തൻ്റെ ജീവിതവും ചുറ്റുപാടുകളുമാണല്ലൊ ഏതൊരുവനെയും ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത്. എല്ലാവിധത്തിലും വേദനനിറഞ്ഞ ഒരു ജീവിതമാണ് പാട്യത്തിനു നയിക്കേണ്ടിയിരുന്നത്. ആ വേദനയുടെ മധുരസ്വരങ്ങൾ ഹൃദയഭാഷയിൽ പകർന്നിട്ടുള്ളതാണ് പാട്യത്തിൻ്റെ കവിതകൾ എന്നു പറയാം! ഏകാന്തവിഷാദത്തിൻ്റെ ഗദ്‌ഗദം പുറപ്പെടുവിച്ചാലും കവിതയിലവയല്ല, കവിതതന്നെയാണ് പ്രധാനം. അതിനാൽ വിപ്ലവാഭിലാഷങ്ങൾക്കു ചിറകു ലഭിക്കുമ്പോഴും അത് പ്രകൃതിയുടെ വസന്തസൗഭാഗ്യങ്ങളേയും ജീവിതത്തിൻ്റെ മുഗ്ദ്ധസങ്കല്പങ്ങളേയും ലാവണ്യശേവധികളേയും സൗന്ദര്യലമ്പടനായി യഥാർത്ഥ കവി വേട്ടയാടാതിരിക്കില്ല. അവാച്യമായ ആ മധുരചഷകങ്ങൾ മോന്തിക്കുടിച്ചു മദോന്മത്തരാകുന്നവരുണ്ട്. അമാനുഷമായ ആ ശില്പപരമ്പരകൾക്കു പിന്നിലെ അദൃശ്യഹസ്തവൈഭവമോർത്തു് ഉപാസകരാകുന്ന മിസ്റ്റിക്കുകളുമുണ്ടു്. ആ മഹിമാവിശേഷങ്ങൾക്കു മുമ്പിൽ നിസ്സാരമായ തൻ്റെ പുല്ലാങ്കുഴൽകൊണ്ടു ഹർഷാശ്രു പൊഴിക്കുന്നവരുമുണ്ട്.
കാലത്തിൻ ചില്ലയിൽ പൂത്തുവിരിഞ്ഞൊരാ-
ച്ചേലഞ്ചും പൂക്കളിലാകമാനം
ശോണാഭചേർത്തോരദൃശ്യകരങ്ങളിൽ
കാണാതെ മിന്നുന്ന കൈവിളക്കായ്
കാനനച്ചോലയിൽ കാകളി പാടുന്ന
ഗാനതരംഗമുരളികയായ്
ഞാനാമീമാനവഹൃത്തിലറിയിന്നോ–
രാനന്ദത്തിൻ്റെ തിരയടിയായ്
എന്നിൽനിന്നെങ്ങോ മറഞ്ഞുനിന്നീടുന്ന
വിണ്ണിൻവെളിച്ചമേ, നിൻ്റെ മുന്നിൽ
ഇല്ലെനിക്കൊന്നുമുപഹാരമിക്കൊച്ചു
പുല്ലാങ്കുഴലിൻ്റെ ഗാനമെന്യേ!
