പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

പതിനാറു ചെറുകവിതകളുടെ സമാഹാരമാണ് തിക്കുറിശ്ശിയുടെ ‘ഒരു വാല്മീകികൂടെ’ എന്ന കൃതി.

മണ്ണിനോടൊട്ടിച്ചേർന്ന ദിവ്യമാം തപസ്സിന്നേ
മന്നിടം പുണ്യത്തിനാൽ ധന്യമാക്കീടാനാവൂ

എന്ന ഗാനമാണു് ഈ സമാഹാരത്തിൻ്റെ തലക്കെട്ടായ കവിതയിലൂടെ മുഴങ്ങുന്നത്. അദ്ധ്വാനത്തിൻ്റെ ശംഖനാദം ഇതിലെ ഇതരകൃതികളിലും മാറ്റൊലിക്കൊള്ളുകയാണു്. ശബരിഗിരിയെ വർണ്ണിക്കുമ്പോൾ കവി ഉൽഗാനം ചെയ്യുന്നതു കേൾക്കുക:

സീതയെത്തിരഞ്ഞുമുൾച്ചൂടിനാൽത്തളർന്നും വ-
ന്നാടലോടകം നൊന്തു ശ്രീരാമചന്ദ്രൻ വാഴ്കെ
ആശ്വാസക്കുളിർനീരും ദാഹനീരുമായൊത്തു
ശാശ്വതാമോദം പണ്ടു നല്കിപോൽ ശബരിയാൾ.
ഇന്നതേ ‘ശബരി’യെൻ നാടിന്നു ദാഹംതീർക്കാ-
നുന്നതക്ഷേമത്തിൻ്റെ തെളിനീർ പകർന്നേകും
മായയാൽ, വ്യാമോഹത്താൽ, പാഴിൽ നാമനൈക്യത്തിൻ
മാനിനോടൊപ്പം വനമേഖലയ്ക്കുള്ളിൽപ്പൂകി
കൊണ്ടുപോയ് സൗഭാഗ്യത്തിൻ ദേവിയെ, ക്ഷാമത്തിൻ്റെ
പംക്തികന്ധരൻ ഞൊടിനേരത്തിലീവേളയിൽ
ഇന്നു നാം ചിറകെട്ടി മംഗലസൗഭാഗ്യത്തെ
മുന്നിലാനയിക്കുവാൻ തീവ്രമായ് ശ്രമംചെയ് വൂ.
ഇറ്റുവീഴട്ടേ വേർപ്പുതുള്ളികളതോടൊപ്പ-
മറ്റുവീഴണം ക്ഷാമരാവണശിരസ്സുകൾ!
പിന്നെയെന്തൊരു മേള,മൈശ്വര്യത്തികവിൻ്റെ
സുന്ദരനൃത്തം, പിന്നിലദ്ധ്വാനഗാനാമൃതം!

വിശിഷ്ടഭാവങ്ങളും ഭാവനകളും ഈ സമാഹാരത്തിലെ മറ്റു പല കവിതകളിലും തെളിഞ്ഞുകാണാം. ലളിതമധുരമായ ഒരു കാവ്യശൈലിയും ഈ യുവകവിക്കു സ്വാധീനമായിട്ടുണ്ട്. കണ്ണശ്ശൻ തുടങ്ങിയവരുടെ ക്ലാസിക് ശൈലിയിൽ കവി നേടിയിട്ടുള്ള കൈത്തഴക്കം ‘എന്നെ ക്രൂശിക്ക’ എന്ന സമാഹാരത്തിലെ കവിതകളിൽ സവിശേഷം തെളിഞ്ഞുകാണാം.