പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

കെ. വി. തിക്കുറിശ്ശി: ഉൽപതിഷ്ണുവായ ഒരു കാവ്യകൃത്താണു് കെ. വി. തിക്കുറിശ്ശി. അദ്ദേഹത്തിൻ്റെ ‘ഭക്രാനംഗൽ’, ഭാരതത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളെ സംബന്ധിച്ചു ഭാഷയിലുണ്ടായിട്ടുള്ള ഒന്നാമത്തെ ഖണ്ഡകാവ്യമാണു്. നമ്മുടെ രാഷ്ട്രത്തിൻ്റെ പുതിയ ചലനങ്ങളെ വികാരോഷ്മളമായി അതിൽ പ്രതിബിംബിപ്പിച്ചിരിക്കുന്നു. ‘നവീനഭാരതത്തെ പുതിയൊരു മുഖച്ഛായയിലേക്കു പരിവർത്തിപ്പിച്ചെടുക്കുന്ന സാമൂഹ്യചലനത്തിൻ്റെ ഏറ്റവും നവീനമായ വികാരസ്പന്ദനങ്ങൾ ഈ കവിതയിലുണ്ടു്’ എന്നു് അവതാരികയിൽ വൈക്കം ചന്ദ്രശേഖരൻനായർ പ്രസ്താവിച്ചിട്ടുള്ളത് അതിശയോക്തികലരാത്ത ഒരു വസ്തുസ്ഥിതികഥനമാണു്.

മാനുഷകരങ്ങൾതൻ മാന്ത്രികപ്രഭാവത്താൽ
മാമല പോലും മുങ്ങുമാറൊരു മഹാർണ്ണവം
വിശ്വമിന്നോളം ദ്ർശിക്കാത്തൊരു വിചിത്രമാം
വിശ്രുതമഹാത്ഭുതവിസ്തൃതജലാശയം
ഗ്രാമസഞ്ചയങ്ങളെക്കണ്ണുനീർക്കയങ്ങളി-
ലാമഗ്നമാക്കിക്കൊണ്ടു ചുറ്റിലും പരക്കവേ
പെറ്റമണ്ണുപേക്ഷിച്ചു ജീവിതമന്ത്യത്തോളം
മറ്റെങ്ങോ നയിക്കുവാൻ കടമപ്പെട്ടോരിവർ
തങ്ങൾതന്നാചാരങ്ങൾ, വിശ്വാസപ്രമാണങ്ങൾ,
തങ്ങളെത്താലോലിക്കും പ്രകൃതിവിലാസങ്ങൾ
ഒക്കെയും വെടിഞ്ഞാലും നിത്യനൂതനമൊരു
സ്വർഗ്ഗസൃഷ്ടിക്കായല്ലോ വീര്യമാർന്നിപ്പോരാട്ടം
കാടകങ്ങളിൽപ്പക്ഷേ തങ്ങടെ കാലംപോക്കാം
നാടു പുഞ്ചിരിച്ചീടാനാഗ്രഹമിവർക്കെന്നാൽ.

എന്നിങ്ങനെ തൊഴിലാളികളുടെ ത്യാഗമോഹനമായ സേവനത്തെ കവി അതിൽവാഴ്ത്തുന്നു.