അത്യാധുനിക കവികൾ
ഇന്നലെത്തൈമാവൊന്നു പൂത്തുലാവി ഞാൻ കണ്ടു
ഇന്നതിൻ പൂക്കൾ വീണു മണ്ണടിഞ്ഞിടുന്നിതാ
മക്കളും മാമ്പൂക്കളും കണ്ടുകൊണ്ടൊരുത്തരും
നില്ക്കൊലാ സങ്കല്പപ്പൂമാലകൾ കൊരുക്കുവാൻ.
ജീവിതത്തിലെ ചില നിത്യസത്യങ്ങളാണിവിടെയും പ്രകാശിപ്പിക്കുന്നതു്.
അംബരത്താമ്പാളത്തിൽ പൂർവ്വദിക്കുരയ്ക്കുന്നു-
ണ്ടമ്പിലങ്ങൊരു കൊച്ചു രക്തചന്ദനക്കട്ട
നേരതിന്നെതിർക്കോണിലപ്പൊഴും കളഭത്താൽ
ചാരുവെൺതിങ്കൾക്കിണ്ണം പൂർണ്ണമായിരിക്കുന്നു.
എന്നിങ്ങനെ ‘കേരളപൂജ’യിൽ പ്രത്യക്ഷപ്പെടുന്ന കവിഭാവന അഭിനന്ദനീയമെന്നേ പറയേണ്ടൂ. ആനുകാലിക വിഷയങ്ങളെ സംബന്ധിക്കുന്ന ചില കവിതകളും ഈ സമാഹാരത്തിൽ ഇല്ലാതില്ല. പക്ഷേ, ജീവിതത്തിൻ്റെ ചൂടും വെളിച്ചവും പകരുവാൻ അവ അത്രതന്നെ ശക്തങ്ങളായി തോന്നുന്നില്ല. സാർവ്വകാലികങ്ങളായ ജീവിതസത്യങ്ങളെ കൈകാര്യം ചെയ്യുന്നതിലാണു് സത്യവ്രതൻ്റെ കവിത കൂടുതൽ സമർത്ഥമായി വിജയിച്ചുകാണുന്നത്. അഷ്ടഗന്ധവും ഉദ്ധരിക്കത്തക്ക ഒരു കൃതിതന്നെ.
