പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

അവിടെപ്പറവകളിണയെത്തേടി-പാറിപ്പാറിനടക്കുന്നൂ
കൊക്കിൽകൊക്കുമുരുമ്മി മരത്തിൻ-കൊമ്പിലവറ്റകൾ കൂടുന്നൂ
ഇണയെത്തേടലുമിരയെത്തേടലു-മല്ലാതെന്താണാനന്ദം?

പക്ഷികളുടെ മാത്രമല്ല, മനുഷ്യരുടേയും സാധാരണ ജീവിതം ഇതുതന്നെയല്ലേ? ‘ശക്തിപൂജ’ രാമചന്ദ്രൻ്റെ മറ്റൊരു സമാഹാരമാണു്. ‘ഞാറ്റുവേലപ്പൊടിപ്പുകളി’ൽ തുടങ്ങി ‘ശക്തിപൂജ’യിൽ അവസാനിക്കുന്ന 17 ഭാവഗീതങ്ങളുടെ ഒരു സമാഹാരമാണു് ‘ശക്തിപൂജ’. അതിലെ ‘ഇരുണ്ട നട്ടുച്ച’ എന്ന കവിത അമേരിക്കൻ പ്രസിഡണ്ടായിരുന്ന കെന്നഡിയുടെ വധത്തെപ്പറ്റി പ്രതിപാദിക്കുന്ന ഒന്നത്രെ. പ്രസ്തുത കൃതിയിലെ ഒരു ഭാഗമാണ് താഴെ ഉദ്ധരിക്കുന്നതു്:

എത്ര രാഹുക്കൾ പകൽവെളിച്ചത്തിനെ
കൊത്തിക്കുടിക്കാനടുത്തതാണിങ്ങനെ
പത്തിവിരിക്കും ദ്വിജിഹ്വമേ നിൻ നിഴ–
ലെത്ര നട്ടുച്ചയിരുട്ടാക്കിയങ്ങനെ.

ഇതുപോലെ ചേതോഹരങ്ങളും വിചാരോദ്ദീപകങ്ങളുമായ പലതും പ്രസ്തുത കൃതിയിൽനിന്നും ഉദ്ധരിക്കത്തക്കവയായുണ്ട്. ‘അകലുംതോറും’ എന്ന സമാഹാരത്തിലും പുതുശ്ശേരിയുടെ വ്യക്തമായ ഒരു ചിന്താ​ഗതി അഥവാ ജീവിതവീക്ഷണം തെളിഞ്ഞുകാണാം.