അത്യാധുനിക കവികൾ
‘ആശ്രമത്തിൻ്റെ കണ്ണുനീർ’ ഏറ്റവും ചേതോഹരമായ ഒരു കവിതയാണു്. ശാകുന്തളം നാലാമങ്കത്തെ മുൻനിറുത്തി കാളിദാസീയങ്ങളായ കല്പനകളിൽ ചിലതിൻ്റെ പുനഃസംവിധാനമാണു് അതിലുള്ളതെങ്കിലും ആവിഷ്കരണരീതി അത്യന്തം ഹൃദയാവർജ്ജകമായിത്തീർന്നിട്ടുണ്ട്. മാനിനേയും തൈമുല്ലയേയും ‘ഒക്കെയുമാത്മസഖികളെയേല്പിച്ചു ദുഃഖവുമൊട്ടൊതുക്കി’ ആത്മസഖി ശകുന്തള യാത്രചോദിക്കേ, ‘പ്രിയംവദ’മാരുടെ കരളിൽനിന്നു മുഴങ്ങിയ വാക്കുകൾ കേൾക്കുക:
ആരെയേല്പിച്ചിട്ടു പോവുകയാണു നീ-
യാരോരുമില്ലാത്ത ഞങ്ങൾ രണ്ടാളിനെ?
ഉപരിപ്ലവമായിട്ടാണെങ്കിലും ജീവിതത്തെപ്പറ്റി ചിന്തിക്കുന്ന രംഗങ്ങൾ ഈ സമാഹാരത്തിൽ പലതുമുണ്ട്. പഞ്ജരസ്ഥയായ പക്ഷി വിടർന്ന മിഴിയാൽ നീലാകാശത്തെ നോക്കിയപ്പോൾ കണ്ട കാഴ്ചയെപ്പറ്റി പറയുകയാണു്:
