പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

ഇന്നത്തെ വ്യവസ്ഥകളും നിയമങ്ങളുമെല്ലാം തട്ടിത്തകർത്തും വെട്ടിപ്പൊളിച്ചുമേ യഥാർത്ഥപുരോഗതി ഉണ്ടാവുകയുള്ളു എന്നൊരു ചിന്താഗതി നവീനന്മാരിൽ പൊതുവെ കാണപ്പെടുന്നുണ്ട്. അവരിൽ പലരും തങ്ങളുടെ കുലഗുരുവായി ആരാധിക്കുന്നതു് ഇടശ്ശേരിയെയാണെന്നു തോന്നുന്നു. ഈ സമാഹാരത്തിൻ്റെ മുഖക്കുറിപ്പിൽ ചന്ദ്രശേഖരൻ പറയുന്നതുതന്നെ നോക്കുക:

‘ക്രൂരതയെ ജയിക്കാൻ ഒരു വഴിയേയുള്ളു, ക്രൂരതയെ ഇഷ്ടദേവതയാക്കുക. ഇത് ഇടശ്ശേരി പഠിപ്പിച്ച കാവ്യസത്യമാണു്.’ ഇടശ്ശേരി അത്രത്തോളം കടന്നു പറഞ്ഞിട്ടുണ്ടോ?

വിജയിക്ക മേൽക്കുമേൽ ക്രൗര്യമേ, സംസ്കാര-
വിഭവത്തിലെന്നുടെ പൈതൃകം നീ

എന്നദ്ദേഹം പറഞ്ഞിട്ടുള്ളതു് ശരിയാണ്. അതിൻ്റെ സന്ദർഭം മനസ്സിലാക്കണം. ഏതായാലും ത്യാജ്യഗ്രാഹ്യവിവേചനാബുദ്ധി എഴുത്തുകാരേക്കാൾ കൂടുതൽ വായനക്കാരിൽ വളർന്നുവരുന്ന കാലമാണിത്.

ബാലചന്ദ്രൻ ചുള്ളിക്കാട്: തൃശ്ശൂർ രസന പബ്ലിക്കേഷൻസ് ഏറ്റവും അടുത്ത അവസരത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു കവിതാസമാഹാരമാണു് ‘പതിനെട്ടു കവിതകൾ’. ഇടനാഴിതൊട്ടു് ഒരു പ്രണയഗീതംവരെ പതിനെട്ടു കവിതകൾ അതിലടങ്ങിയിട്ടുണ്ട്.