അത്യാധുനിക കവികൾ
മേലത്ത് ചന്ദ്രശേഖരൻ: അത്യാധുനികന്മാരുടെ കവിതാ നഭസ്സിൽ ഉദിച്ചുയരുന്ന ഒരു പുതിയ നക്ഷത്രമാണു് മേലത്ത് ചന്ദ്രശേഖരൻ. സൂര്യജന്യം എന്ന സമാഹാരമാണു് ആദ്യകൃതി. ഉള്ളടക്കം, ദുഃഖകാണ്ഡം, ശക്തികാണ്ഡം, ക്രൂരതാകാണ്ഡം, ജീവിതക്കുറിപ്പുകൾ അഥവാ മരണക്കുറിപ്പുകൾ ഇങ്ങനെ നാലു വിധത്തിൽ വിഭജിച്ചിരിക്കുന്നു. ദുഃഖകാണ്ഡത്തിലെ ആദ്യകവിതയായ ‘പുതിയ ശബ്ദ’ത്തിൽനിന്നു് ഒരു ഭാഗം ഉദ്ധരിക്കാം:
കല്ലുപെറുക്കുക ശോകമേ, എൻ്റെയീ-
ച്ചില്ലുകൊട്ടാരമെറിഞ്ഞു പൊളിക്കുവാൻ
കൊട്ടാരവാതില്ക്കൽ മോഹങ്ങളങ്ങനെ
സ്വപ്നപുഷ്പങ്ങളായ് ചിന്നിക്കിടക്കണം
ഞാനെത്രകേട്ടതാണിത്തരം രാഗങ്ങൾ:
ഗാനമേ, കൊക്കുകൾ പൂട്ടിപ്പറന്നു പോ!
ഞെട്ടുവാനെന്തിനോ ക്രൂരതേ നിൻ്റെ പേർ
മർത്യതയെന്നു വിളംബരം ചെയ്യട്ടെ….
കല്ലുപെറുക്കുക ദുഃഖമേ, എന്നിലെ-
ച്ചില്ലുകൊട്ടാരമെറിഞ്ഞു പൊളിക്കുവാൻ
കൊട്ടാരവാതിലിൽ ലക്ഷ്യങ്ങളങ്ങനെ
സ്വപ്നപുഷ്പങ്ങളായ് ചിന്നിക്കിടക്കണം!
