പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

കെ. ജി. ശങ്കരപ്പിള്ള: പരപ്പനങ്ങാടിയിൽനിന്നു കേരളകവിതാ പബ്ലിക്കേഷൻസ് 1980 ജൂണിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള കവിതാസമാഹാരത്തിൽ ശങ്കരപ്പിള്ളയുടെ പതിനെട്ടു കവിതകൾ അടങ്ങിയിരിക്കുന്നു. വൃക്ഷം, ജന്മരാത്രി, കറുത്തവാവ് എന്നിങ്ങനെയുള്ള ശീർഷകങ്ങളിലാണ് അവ പ്രസിദ്ധപ്പെടുത്തിട്ടുള്ളത്. ‘മഴ’ എന്ന പേരിലുള്ള കവിത ഇവിടെ ഉദ്ധരിക്കാം:

മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു മഴ പെയ്യുന്നു
പാൻ്റ് മുറ്റത്ത് സാരി മുറ്റത്തു് ഷർട്ട് മുറ്റത്തു്
മഴപെയ്യുന്നു മഴപെയ്യുന്നു പെയ്യുന്നു പെയ്യുന്നു
മുത്തച്ഛൻ മുറ്റത്തു് കണ്ണട മുറ്റത്ത് ഭാരതം മുറ്റത്ത്
കോണകം മുറ്റത്ത് മഴപെയ്യുന്നു മഴപെയ്യുന്നു.
പെയ്യുന്നു പെയ്യുന്നു പെയ്യുന്നു തെയ്യനം
ഞാനും മുറ്റത്തു് വീടും മുറ്റത്തു് നാടും മുറ്റത്തു
മഴപെയ്യുന്നു മഴ മഴ മഴ മഴ ഴഴ ഴ ഴ ഴ ഴ

പ്രസ്തുത കവിതാ സമാഹാരത്തിനു് ‘കവിതയുടെ സത്യം’ എന്ന തലക്കെട്ടിൽ ബി. രാജീവൻ എഴുതിയിട്ടുള്ള ദീർഘമായ അവതാരികയിൽനിന്നു് ചിലതിവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:

‘കവിത ഒരു വസ്തുവല്ല. നുകരാൻ പാകത്തിൽ പകർന്നുവച്ച വികാരവുമല്ല, കവിത ഒരു പ്രവൃത്തിയാണു്. കവിയും അനുവാചകനും ഒരുമിച്ചു ചെയ്യുന്ന ഒരു പ്രവൃത്തി…. ആധുനിക കവിത സ്വയം കണ്ടെത്തിയ കവിതയാണു്; സ്വയം നിലനില്പിൻ്റെ അർത്ഥം സാക്ഷാത്കരിക്കുന്ന കവിത. യാഥാർത്ഥ്യത്തിൻ്റെ ഉറച്ച പാറയിൽ കൊത്തിയെടുക്കപ്പെടുന്ന ഈ പുതിയ കവിതയാണു് നാളത്തെ കവിത! കവിതയിൽക്കൂടി തീവ്രമായ വിപ്ലവവും കലാപവും സൃഷ്ടിക്കാൻ ശ്രമിക്കുന്ന അത്യാധുനിക കവികളിൽ ഒരാളാണു് ശങ്കരപ്പിള്ള എന്നു് ചിലർക്ക് അഭിപ്രായമുണ്ട്.’