പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

എഴുത്തച്ഛനെഴുതുമ്പോൾ എന്ന സമാഹാരത്തിൽ പന്ത്രണ്ടു കവിതകൾ അടങ്ങിയിരിക്കുന്നു. ‘എഴുത്തച്ഛനെഴുതുമ്പോൾ’ എന്ന ആദ്യത്തെ കവിതയിൽ, എഴുത്തച്ഛൻ്റെ രാമായണകഥ നാലു ഖണ്ഡങ്ങളിൽ മർമ്മസ്‌പൃക്കായി പ്രകാശിപ്പിച്ചിരിക്കയാണു്. ‘പുളകോൽഗമകാരി വചഃപ്രസരം’ എന്നു തന്നെ പ്രസ്തുത കൃതിയെപ്പറ്റി പറയാം. ആദ്യഭാഗം മാത്രം ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:

എഴുത്തച്ഛനെഴുതുമ്പോൾ
സംഭവിപ്പതെന്തെന്നു ഞാനറിയുന്നു:
പറക്കുന്നു കുതിരക–ളെഴുത്താണിത്തുമ്പിലൂടെ
പൊളിക്കുന്നൂ കുളമ്പടി–പനയോലത്തടിപ്പാലം
പനയോലയ്ക്കുള്ളിൽ പച്ച–തഴപ്പാർന്ന സ്മരണക-
ളുണങ്ങിയ ഞരമ്പിൻ്റെ–ജ‍ഡത്തിൽ നിന്നുണരുന്നു
പനയോലക്കാമ്പിൽ ദശ–രഥ വ്യഥ പതയുന്നു
മിഥിലയിലൊരു വില്ലു തകരുന്നു, കൈകേയിക്കു
വ്രണം വന്നു പഴുക്കുന്നു–പനയോലക്കണ്ണിൽ പഞ്ച-
വടികൾ നിന്നുലയുന്നു–പനയോല പതറുന്നു.

പഞ്ചവടീ പ്രവേശംവരെയുള്ള രാമായണകഥയാണു് ഇതിൽ സംഗ്രഹിച്ചിട്ടുള്ളത്. രാവണനാൽ അപഹരിക്കപ്പെട്ട സീത ലങ്കയിൽ അശോകത്തിൻകീഴിൽ കഴിയുന്നതുവരെയുള്ള ഭാഗം രണ്ടാം ഖണ്ഡികയായും, സുഗ്രീവൻ്റെ നേതൃത്വത്തിൽ ലങ്കയിലെത്തിയ സേനകൾ ദശകണ്ഠൻ്റെ കണ്ഠം മുറിക്കുന്നതുവരെയുള്ള അംശം അടുത്ത ഖണ്ഡികയായും ചിത്രീകരിക്കുന്നു. അടുത്ത ഖണ്ഡത്തിൽ അയോദ്ധ്യയിലെത്തിയ സീത അവസാനത്തിൽ അപമാനിതയായി മറയുന്നതുവരെയുള്ള ഭാഗവും രേഖപ്പെടുത്തിയിരിക്കുന്നു. രാമായണകഥയുടെ സമുചിതമായ ഒരു സംക്ഷേപമാണ് ഈ നാലു ഖണ്ഡങ്ങളിലുമായി അടങ്ങിയിട്ടുള്ളത്.

1981-ൽ പ്രസിദ്ധപ്പെടുത്തിയ കവിത എന്ന സമാഹാരത്തിൽ അഞ്ചു സൂര്യൻ തുടങ്ങി പതിന്നാലു കൃതികൾ അടങ്ങിയിരിക്കുന്നു.