പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

കെ. സച്ചിദാനന്ദൻ: 1946-ൽ കൊടുങ്ങല്ലൂരിനടുത്തുള്ള പുല്ലൂരുഗ്രാമത്തിൽ ജനിച്ച സച്ചിദാനന്ദൻ ഇംഗ്ലീഷിൽ മാസ്റ്റർബിരുദമെടുത്ത ഒരു യുവാവാണു്. വളരെ ചെറുപ്പത്തിലേ കവിത എഴുതിത്തുടങ്ങി. ആത്മഗീതമെന്ന ഖണ്ഡകാവ്യം, അഞ്ചുസൂര്യൻ, എഴുത്തച്ഛനെഴുതുമ്പോൾ, കവിത, സത്യവാങ്മൂലം, പീഡനകാലം എന്നീ കാവ്യസമാഹാരങ്ങൾ, ഇന്ത്യൻ സ്ക്കെച്ചുകൾ എന്ന കവിതാപരമ്പര, ഇത്രയും പദ്യകൃതികൾ ഇതിനകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ആത്മഗീതം നാലു ഖണ്ഡങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോന്നും ഓരോ വെളിപാടുപോലെ ചെന്നുചേരുകയാണ്.

ഈ ഖണ്ഡകാവ്യത്തിൻ്റെ ബീജസ്ഫുരണത്തെപ്പറ്റി കവി ഇങ്ങനെ വിശദീകരിക്കുന്നു: 1969-ലെ ഇടവപ്പാതിക്കാലം. നവവധുവിൻ്റെ കണ്ണിൽ നോക്കിയിരിക്കുമ്പോൾ മഴയിൽ കുളമ്പടിച്ചെത്തുന്ന ഓർമ്മകൾ – കുട്ടിക്കാലത്തിൻ്റെ കുന്നിൻപുറങ്ങൾ, പുഴയിലൊഴുകിപ്പോവുന്ന പൂവിളികൾ, ദുരന്തകഥകൾ പറയുന്ന നാട്ടിൻപുറക്കാറ്റുകൾ, കൗമാരത്തിലെ അറിവിനോടൊപ്പം വളർന്ന ഗൃഹാതുരത്വങ്ങൾ, പെയ്തൊഴിഞ്ഞ തരുണപ്രണയങ്ങൾ, ഇരുണ്ട മൃത്യഭിവാഞ്ഛകൾക്കിടയ്ക്കു സ്നേഹ-സത്യങ്ങളുടെ നൈമിഷിക ദർശനങ്ങൾ, എല്ലാറ്റിനേയും ഒന്നു പോലെ ജ്വലിപ്പിച്ചുനിർത്തുന്ന അച്ഛൻ – സൂര്യൻ; ആത്മീയഗീതയെന്ന ‘സ്മൃതിപേടകം’. ആത്മഗീതയിലെ ആദ്യകാണ്ഡമായ സൂര്യധ്യാനത്തിൽനിന്നു് ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം:

ആദിതേജസ്സേ, നീറി–യാഴുകെൻ പ്രദങ്ങളിൽ
നാദസപ്തതിയായി–യാളുകെൻ കോശങ്ങളിൽ
ശരത്തിൻവല്ക്കലം–ചുമന്നിട്ടുമൂത-
നിറത്തിൽ മൂടുകെൻ–ഞരമ്പിൻകൂമ്പുകൾ
വസന്തനീലത്തിൻ–നടനലീലയായ്
വിടരുകെൻ കൃഷ്ണ–മണിതൻ കാതലിൽ
മഴക്കാലത്തിൻ്റെ–മദദ്രവമൂറും
ഹരിതം പെയ്യുകെൻ–സുഷുമ്നാനാളിയിൽ….

ഇങ്ങനെ പോകുന്നു ആ കവിത. വിരഹം, പ്രയാണം, ദർശനം ഇവയാണു് മറ്റു കാണ്ഡങ്ങൾ. ഇടതൂർന്ന ഇമേജുകൾകൊണ്ട് ആരെയും അമ്പരപ്പിക്കുന്ന ഒരു കാവ്യം.