അത്യാധുനിക കവികൾ
“ഇപ്പൊഴുമുണ്ടീ മണ്ണിൽ നിൻ്റെ നീൾവടിത്തുമ്പു
കുത്തിയ പാടാപ്പാതയോരുവാൻ കഴിയാത്തോ-
രിന്നു ഞങ്ങളെത്തെളിക്കുന്നു’
എന്ന ഭാഗത്ത് അതദ്ദേഹം വ്യക്തമാക്കുന്നുമുണ്ട്.
പോയകാലത്തിൻ്റെ സൗഭാഗ്യങ്ങളും വർത്തമാനകാലത്തിൻ്റെ നിർഭാഗ്യങ്ങളും രാമകൃഷ്ണൻ്റെ കവിതയിൽ ചിത്രങ്ങളായും അന്തരീക്ഷമായും കഥാപാത്രങ്ങളായും രൂപം പ്രാപിക്കുന്നതു കാണാം. ഒരുതരം പ്രതീകാത്മകരീതിയാണിതു്. സൗന്ദര്യത്തേക്കാൾ മൂർച്ചയാണു് രാമകൃഷ്ണൻ്റെ കവിതകളിൽ നാം കാണുക. വരണ്ട ഗംഗയിലെ ഗാന്ധിജയന്തി എന്ന കവിതയിൽനിന്നു് ഈ മൂർച്ചയ്ക്ക് ഉദാഹരണങ്ങൾ നോക്കുക:
താത നിൻ ജീവരക്തത്തിൽ കുതിർന്നോരീ മഹാക്ഷേത്രം
പാതകിവർഗ്ഗങ്ങൾതൻ കൂത്തരങ്ങായ് വന്ധ്യമായല്ലോ
……………………………………………………………………………………
നെറ്റിയിൽ ഭ്രാതൃരക്തത്തിൽ കറമൂടിത്തിലകം തൊ–
ട്ടേദനിൽത്തന്നധികാരക്കൊതിതൻ പൊൻകതിർ കെട്ടി–
ത്തിളങ്ങും ദണ്ഡുമായ് പുത്രൻ നടക്കുന്നു പഞ്ചപുച്ഛ–
മടക്കുന്നു തൻ ജനിതൻ……..
കവിഭാവന ആധുനിക ഭാരതത്തിൽനിന്നു് എത്ര നിഷ്പ്രയാസമാണ് ഹൈന്ദവ പുരാണങ്ങളിലേക്കും ക്രൈസ്തവ പുരാണങ്ങളിലേക്കും സംക്രമിക്കുന്നതെന്നു നോക്കുക.
പുതിയ സാരഥി, ചതുരംഗം, വർഷിക്കാത്ത മേഘങ്ങൾ മുതലായവയാണു മറ്റു സമാഹാരങ്ങൾ.
