അത്യാധുനിക കവികൾ
കെ. വി. രാമകൃഷ്ണൻ: അത്യാധുനിക കവികളിൽ ശ്രദ്ധേയനായ ഒരു കവിയാണു് രാമകൃഷ്ണൻ. ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്യുന്ന റൊമാൻറിക് ശൈലിയിൽനിന്നു ഭിന്നമായി ചിന്തിപ്പിക്കയും ഉത്തേജിപ്പിക്കയും ചെയ്യുന്ന ഒരു നൂതന പ്രൗഢശൈലിയിലാണു് രാമകൃഷ്ണൻ കാവ്യനിർമ്മാണം ചെയ്തുപോരുന്നത്. വരണ്ട ഗംഗ, പുതിയ സാരഥി, ചതുരംഗം തുടങ്ങിയ സമാഹാരങ്ങൾ ഈ വസ്തുത വിളിച്ചുപറയുന്നവയത്രെ.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഭാരതത്തിലുണ്ടായ ധാർമ്മികാധഃപതനമോർത്ത് ഉള്ളുനൊന്തു കരയുന്ന ഒരു കവിയുടെ നാദമാണ് വരണ്ട ഗംഗയിൽ നാം കേൾക്കുന്നതു്. ഗാന്ധിജിയുടെ മഹോന്നതമായ നേതൃത്വവും നിസ്വാർത്ഥമായ ത്യാഗവും കൊണ്ടു സ്വാതന്ത്ര്യം സമ്പാദിച്ച ഈ രാജ്യം, ഗാന്ധിമാർഗ്ഗത്തിൽനിന്നകന്നു്, അഴിമതിയും അക്രമവും കാപട്യവും കൊണ്ടു നിറഞ്ഞു. ഗംഗ വരണ്ടു, കാളിന്ദി രക്തമലീമസമായി വിഷച്ചുഴികൾ സൃഷ്ടിച്ചുകൊണ്ടു മുന്നോട്ടു കുതിക്കുന്നു. വൃന്ദാവനത്തിലെ പശുക്കൾ – നിഷ്കളങ്കരായ ഗ്രാമീണർ –പച്ചപ്പുല്ലിനും കുടിനീരിനും വേണ്ടി കേഴുന്നു. പണ്ടു ഗോവർദ്ധനപർവ്വതത്തെ കൈത്തലത്തിൽ താങ്ങിയുയർത്തി കുടയായിപ്പിടിച്ചു്, ഗോകുലത്തെ രക്ഷിച്ച ഭഗവാനെവിടെ?
എങ്ങുപോയുടയോനേ നീയുമെങ്ങടെ നോവിൽ
ചിന്നുമുൾത്തടമേലുമച്ചെറു കാലിക്കോലും?
ഇവിടെ കൃഷ്ണനെ വിളിച്ചു രക്ഷയ്ക്കപേക്ഷിക്കുന്നതായി തോന്നാമെങ്കിലും വിനഷ്ടമായ ഗാന്ധിയനേതൃത്വപാരമ്പര്യമാണു കാവ്യവിഷയം. ശ്രീകൃഷ്ണൻ ഗാന്ധിജിയുടെ പൂർവ്വരൂപമാണു്. അഥവാ ഗാന്ധിജി ശ്രീകൃഷ്ണൻ്റെ നവ്യാവതാരം. കൃഷ്ണൻ്റെ കാലിക്കോല് ഗാന്ധിയുടെ ഊന്നുവടിയായി പരിണമിച്ചിരിക്കുന്നു.
