അത്യാധുനിക കവികൾ
ചെറിയാൻ കെ. ചെറിയാൻ: പുതിയ കവികളിൽ അതീവശ്രദ്ധേയനായ ഒരു യുവകവിയാണു് ചെറിയാൻ. ‘ജീവിതമെന്ന ബോറു്’ എന്ന കവിതയിൽ, ജീവിതത്തോടു തോന്നുന്ന ഒരുതരം അലംഭാവമോ മടുപ്പോ പ്രകാശിപ്പിച്ചിരിക്കുന്നു. ചില നല്ല കല്പനകളും അതിൽ തെളിഞ്ഞുകാണാം.
ദുഃഖങ്ങളെല്ലാമൊരു ഗൂഢസുസ്മിതത്തിൻ്റെ
പട്ടുതൂവാലയ്ക്കുള്ളിലൊതുക്കിപ്പിടിച്ചു ഞാൻ
ഷർട്ടിടും പാൻ്റും പിന്നെച്ചെരുപ്പും ബ്രിൽക്രീമിൻ്റെ
കുപ്പിയിൽനിന്നിത്തിരി മണവും സൗന്ദര്യവും
നഗരം ക്യൂനില്ക്കുന്ന ബസ്സ്റ്റോപ്പിൽ വിയർപ്പിൻ്റെ
നരകത്തിലെക്കട്ടുറുമ്പായി ഞാനും ചെല്ലും.
എന്ന ഭാഗം നോക്കുക. ‘ഭസ്മാസുരൻ’ എന്ന കവിതയിൽ പഴയ പ്രമേയങ്ങൾക്കു പുതിയ അർത്ഥം കണ്ടെത്താൻ കവി ശ്രമിച്ചിരിക്കുന്നു. ചെറിയാൻ്റെ ‘കണ്ണാടിജ്ജന്നൽ’ തുടങ്ങിയ കവിതകളും എടുത്തുപറയത്തക്കവ തന്നെ.
ജോർജ്ജ് തോമസ്: ദുഃഖോപാസകനായ ഒരു കവിയാണു് ജോജ്ജ് തോമസ് എന്നു തോന്നുന്നു. അഴലിൻ്റെ തീരമാണ് അദ്ദേഹം സുഖവാസമായി കണ്ടെത്തുന്നത്. ഇരുപതു കവിതകൾ ഉൾക്കൊള്ളുന്ന ‘അലിയുന്ന തുരുത്ത്’ ഈ വസ്തുസ്ഥിതി വിളിച്ചുപറയുന്നതുപോലെ തോന്നുന്നു. മോഹഭംഗങ്ങളും ഉത്സാഹപ്രഹർഷങ്ങളുമെല്ലാമതിലുണ്ട്.
കുരിശിൽ കാരുണ്യത്തെ കാപട്യം തറച്ചിട്ട
കുരിശിൽ യുഗങ്ങൾതൻ വേദന പിടയുന്നൂ
എന്നിങ്ങനെയുള്ള കാവ്യശൈലി മനോഹരമാണു്, അമർഷഗാഥ കവിയുടെ മറെറാരു കൃതിയത്രെ.
