പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

മാധവൻ അയ്യപ്പത്ത്: ഈ യുവകവിയുടെ ‘വെളിച്ചത്തിലേക്കു്’ എന്ന കവിതയിൽനിന്നു് ഒരു ഭാഗം ഉദ്ധരിക്കാം:

കൈയിലിഴുകുമിരുട്ടിലാലസ്യമാം
ശയ്യയിൽ പാതിയുറങ്ങിക്കിടക്കവേ
സുന്ദരചിന്തപോലെന്തിനന്നുന്മിഷൽ-
മന്ദഹാസത്തിൻ വിളക്കുമായെത്തി നീ?
തപ്തനിശ്വാസമേറ്റെന്നേ കരിഞ്ഞ വെൺ-
സ്വപ്നങ്ങൾ ചിന്നിക്കിടക്കുമെൻ കൂരയിൽ
ഉൾക്കുളിർ മറ്റാർക്കുമേകുമൊരുപിടി
പൂക്കളുമായിട്ടണഞ്ഞതെന്തിനു നീ?
ഇല്ലായ്കയല്ലെനിക്കോമനേ, നിന്നോടു
വല്ലതുമൊക്കെപ്പറയുവാനാഗ്രഹം
ആർക്കും തുറക്കാത്ത വാതിൽ തുറന്നു നീ-
യോർക്കതെനിക്കു വിരുന്നു വന്നില്ലയോ?
എങ്കിലും – വേണ്ട നീ പോവുക, പൂർവ്വമീ
സങ്കല്പമൊട്ടു വലിച്ചിരിക്കട്ടെ ഞാൻ
ഈ മുഖമാണെന്മനസ്സിലൊരായിരം
കോമളസ്വപ്നം രചിച്ചത,ന്നെങ്കിലും
മാറിമറിഞ്ഞു സകലവും,എന്തിനീ
ചാരിയ വാതിൽ തുറന്നു വന്നെത്തി നീ?

ഭഗ്നമോഹത്തിൻ്റെ ഒരു കവിതയാണിത്. മടുപ്പും സന്ദേഹവും നൈരാശ്യവും കൊണ്ടു സങ്കീർണ്ണമായ ഒരു ചിത്തവൃത്തിയുടെ ആവിഷ്കരണമാണിതിൽ കാണുന്നതെന്നു തോന്നുന്നു. മാധവൻ്റെ ‘മണിയറയിലേക്ക്’ എന്ന കവിതയും ഏതാണ്ടു് ഇതേമട്ടിൽത്തന്നെയുള്ളതാണു്. ജീവചരിത്രക്കുറിപ്പുകൾ എന്ന സമാഹാരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.