പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

‘കിരാതവൃത്തം’ എന്ന കവിതയിൽ ദുഷ്ടനായ കിരാതനെ ചിത്രീകരിച്ചിട്ടുള്ളതു ശ്രദ്ധേയമാണു്:

ഈറ്റപ്പുലി നോറ്റുകിടക്കും ഈറൻകണ്ണു തുറന്നും
കരിമൂർഖൻ വാലിൽ കിളരും പുരികം പാതി വളച്ചും
നീറായവനത്തിൻ നടുവിൽ നില്പൂ, കാട്ടാളൻ
നെഞ്ചത്തൊരു പന്തം കുത്തി നില്പൂ, കാട്ടാളൻ.

തുറന്ന ഈറൻ കണ്ണിൽ ഈറ്റപ്പുലിയും, പാതിവളച്ച പുരികത്തിൽ മൂർഖൻ പാമ്പും നീറായ വനത്തിൻ നടുവിൽ നെഞ്ചത്തൊരു പന്തവുമുള്ള ആ കിരാതൻ്റെ ചിത്രം, കടമ്മനിട്ടയുടെ ഭാവോജ്ജ്വലമായ കല്പനാസൃഷ്ടിയെ വിളംബരംചെയ്യുന്ന ഒന്നുതന്നെ.

ആറ്റൂർ രവിവർമ്മ: കേരളകവിത പബ്ലിക്കേഷൻസിൽനിന്നു് (പരപ്പനങ്ങാടി) 1977-ൽ കവിത എന്ന പേരിൽ ഒരു സമാഹാരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മധുരം, നഗരത്തിൽ ഒരു യക്ഷൻ എന്നു തുടങ്ങി 19 കവിതകൾ അതിൽ അടങ്ങിയിരിക്കുന്നു. ചില വീക്ഷണവിശേഷങ്ങൾ ഓരോന്നിലും കാണാം.

‘അവൻ ഞാനാണല്ലോ’ എന്ന കവിതയിൽനിന്നു് ഒരു ഭാഗം ഉദ്ധരിക്കാം:

ചത്ത പാമ്പുകൾ തുപ്പുന്നൂ പുളഞ്ഞുമറിയും കടൽ
ദഹിക്കാതവൾ ഛർദ്ദിച്ച–തിന്മേലുണ്ടായതല്ലീ ഞാൻ
നിത്യം കടലെടുത്തീടും ജന്മത്തിൻ്റെ തുരുത്തിൽ ഞാൻ
വളഞ്ഞിരുന്നു നൂലിട്ടേ–നതിൻ നീലക്കയങ്ങളിൽ

ആർത്തിരമ്പുന്ന കടലിൻ തിരയിൽനിന്നു ചത്ത പാമ്പിൻ്റെ ശരീരങ്ങൾ തീരത്തടിയുന്നതും (കടൽവച്ചുണ്ടാവുക) ആ കടൽ ഛർദ്ദിച്ചുണ്ടായതാണല്ലോ താനും എന്ന ചിന്ത ഏകാകിയിലുദിക്കുന്നു. നിത്യം കടലെടുത്തുപോകുന്ന ഒരു തുരുത്തായി സ്വന്തം ജീവിതത്തെയും അയാൾ കാണുന്നു.