പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

കടമ്മനിട്ട രാമകൃഷ്ണൻ: വീര്യമുള്ള ഒരു കാവ്യശൈലി സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുള്ള അത്യാധുനിക കവികളിൽ ഏതുകൊണ്ടും മുന്നണിയിൽ നില്ക്കുന്ന ഒരുവനാണു് രാമകൃഷ്ണൻ. ഒരുതരം താളബോധത്തോടുകൂടി സ്വകവിത അദ്ദേഹം തന്നെ പാടിക്കേൾക്കുമ്പോൾ ആരും അതിൽ ആറാടിക്കൊള്ളും. അത്രമേൽ വശ്യമാണു് ആ ഗാനം. ശോകരസം തുളുമ്പുന്നവയാണു് അദ്ദേഹത്തിൻ്റെ ഗാനങ്ങളിൽ അധികവും. സ്വന്തമായ ഒരു താളത്തിലൂടെ അദ്ദേഹത്തിൻ്റെ കാവ്യരചന പുതിയ പുതിയ തലങ്ങളിലേക്കു പടർന്നുകൊണ്ടിരിക്കയാണ്. ഇന്നത്തെ അന്തരീക്ഷം അത്തരം കൃതികൾ പാടിപ്പരത്താൻ അഥവാ വ്യാഖ്യാനിച്ചു വളർത്താൻ പ്രചോദനമരുളുന്ന ഒന്നുമാണു്.

ജീവിതത്തെ അഭംഗുരമായി നിലനിറുത്തുന്ന ഒരു ശക്തിയുടെ പ്രതീകമാണു്, കവിത എന്ന സമാഹാരത്തിലെ ‘കോഴി’.

എന്തിനെന്തിനയവിറക്കുന്നു
നോവുകൂട്ടി നുണഞ്ഞ സുഖങ്ങൾ?
നാളെ നിന്നെ ഞാൻ കൊത്തിമാറ്റുമ്പോൾ
നീയും നിന്റെ കഥകൾ തുടങ്ങും
അന്നു കാണും അനുഭവം നിൻ്റെ
സന്തതികളിൽ കൂടിപ്പകരും.

ഇതുതന്നെയാണല്ലൊ എല്ലാ ജീവജാലങ്ങളും തുടർന്നുകൊണ്ടിരിക്കുന്നതു്. ‘പുഴുങ്ങിയ മുട്ടകൾ’ ഇന്നത്തെ ജനന നിയന്ത്രണത്തെ ധ്വനിപ്പിക്കുന്ന ഒന്നാണെന്നു തോന്നുന്നു. ‘അവസാനചിത്രം’, ‘ശാന്ത’ മുതലായവയിൽ കൊടും ക്രൂരമോദകങ്ങളുടെ കഥകളാണു് ഉദ്ഗാനം ചെയ്യുന്നതു്.