പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

എൻ. എൻ. കക്കാടു്: ജീവിതത്തിൽ കഴിഞ്ഞുപോയ ശൈശവത്തിൻ്റെ സ്മരണ മനസ്സിലുണർത്തുന്ന വിഭിന്ന ചിന്തകളാണു് കക്കാടിൻ്റെ ‘തീർത്ഥാടനം’ എന്ന കവിതയിൽ. ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം:

കിങ്ങിണി കെട്ടി,-
ച്ചിലങ്ക ചാർത്തി,-
ക്കങ്കാണമണിമാലകളാടി,-
ക്കിളിന്തുചുണ്ടിൽ പുഞ്ചിരി ചൂടി-
ക്കളിമ്പമാർന്നെൻ മടിയിലിരിക്കും
പ്രിയദർശനനാമെൻ മോക്ഷത്തെ-
ക്കൺനിറയെകണികണ്ടേൻ;
ഇന്നലെയിടവംകൊണ്ടന്നം
നൊട്ടിനുണച്ചോരെൻ ബാല്യത്തെ,
ആനന്ദംകൊണ്ടിടനെഞ്ചിടയെ.-
ക്കണ്ണീരുതിരെക്കണികണ്ടേൻ.

കക്കാടിന്റെ ‘പാർക്കിൽ’ എന്ന കവിത ആധുനിക കവിതയുടെ ദുരൂഹതയ്ക്ക് ഒരു തികഞ്ഞ ഉദാഹരണമായി പ്രദർശിപ്പിക്കാം. മറ്റു കവിതകൾ –1963, നിശാമുഖം, പാതാളത്തിൻ്റെ മുഴക്കും മുതലായവയത്രെ.